ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെങ്കാശി പുളിയറയില്‍ നിന്നാണ് മൂന്നു പേരെയും കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് സൂചന.
സാമ്ബത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്.
പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവര്‍ കൊല്ലം റൂറല്‍ പൊലീസിന്റെ 9497980211 എന്ന നമ്ബറില്‍ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്നു കുട്ടി വ്യാഴാഴ്ച വൈകീട്ടാണ് ആശുപത്രി വിട്ടത്.
പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തിരുന്നു. ഏതന്വേഷണവും നേരിടാൻ തയാറാണെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഓയൂരില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവില്‍ െകാല്ലം ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയും ജ്യേഷ്ഠനും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം