മൂവാറ്റുപുഴ: മൂന്നര കിലോയോളം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ രണ്ടു പേരെ എക്സൈസ് പിടികൂടി. ഒറീസ സ്വദേശികളായ ദീപ്തിസെൻ, ചിത്രകൃഷ്ണ എന്നിവരെയാണ് മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയുടെ സമീപത്തുള്ള വെയ്റ്റിങ് ഷെഡിൽ നിന്നും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് കേരളത്തിലെ എല്ലാ ജില്ലകളിലും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന രീതിയാണ് ഇവർക്കുള്ളത്.
മൊബൈലിൽ വിളിച്ച് കച്ചവടം ഉറപ്പിച്ചശേഷം സ്ഥലത്ത് എത്തുന്ന ഇവർ കോഴിക്കോട് നിന്നും തൃശ്ശൂരിലെത്തി കഞ്ചാവ് വില്പന നടത്തിയ ശേഷം മൂവാറ്റുപുഴയിൽ കസ്റ്റമറെ കാത്തിരിക്കുന്ന സമയത്താണ് എക്സൈസ് സംഘം പിടികൂടിയത്. മൂന്നര കിലോ കഞ്ചാവിന് ഒപ്പം കഞ്ചാവ് പൊതിഞ്ഞു കൊടുക്കാനുള്ള പ്ലാസ്റ്റിക് പേപ്പർ, തൂക്കുവാനുള്ള ത്രാസ് എന്നിവയും ഇവരിൽ നിന്നും പിടികൂടി. മൂവാറ്റുപുഴ തഹസിൽദാറിന്റെ സാന്നിധ്യത്തിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്