കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. റിപ്പോർട്ടിന്റെ പൂർണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹരജി ഫയലില്‍ സ്വീകരിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. എഡിറ്റ് ചെയ്യാത്ത റിപ്പോർട്ടിന്മേലുള്ള ലൈംഗിക പീഡന പരാമർശങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷൻ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസില്‍ വനിതാ കമീഷനെ കോടതി സ്വമേധയാ കക്ഷി ചേർത്തു. ഇത്രയും കടുത്ത അതിക്രമങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോർട്ട് എന്തിനാണ് കെട്ടിപ്പൂട്ടി വെക്കുന്നതെന്നും കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. നേരത്തെ, മന്ത്രി ഗണേഷ് കുമാറിനെതിരായ റിപ്പോർട്ടിലെ പരാമർശം സംബന്ധിച്ച് അന്വേഷിക്കണമെന്ന പരാതിയില്‍ ഡി.ജി.പി ആവശ്യമായ നടപടിക്ക് നിർദേശം നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നല്കിയ പരാതിയിലാണ് നടപടി.
136ാം പേജില്‍ മന്ത്രിയെ കുറിച്ച് പരാമർശം ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ‘ആത്മ’ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിൻ വർക്കി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
ഹേമ കമ്മീഷൻ റിപ്പോര്‍ട്ടില്‍ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘റിപ്പോർട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങള്‍ ലഭിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും. നമ്മള് എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നത്.
ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട’ -എന്നായിരുന്നു ഗണേഷ് പറഞ്ഞത്.