ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
10 വര്‍ഷം മുമ്ബ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്.
ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.