മെഡിക്കല്‍ കോളേജിലെ നിയമന തട്ടിപ്പില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒന്നരക്കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാര്‍ത്ത പുറത്ത് വന്നതിനുപിന്നാലെ ഇതുവരെ 15 പരാതികളാണ് മെഡിക്കല്‍ കോളേജ് പൊലീസില്‍ കിട്ടിയത്. ആശുപത്രി വികസന സമിതി നടത്തുന്ന കരാര്‍ നിയമനങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്.
പലരില്‍ നിന്നായി ലക്ഷങ്ങള്‍ സ്വീകരിച്ച പ്രതി ദിദിന്‍കുമാര്‍ മുങ്ങി. ഒന്നര വര്‍ഷം മുന്‍പ് വരെ പണം നല്‍കിയവര്‍ക്ക് ജോലിയും കിട്ടിയില്ല പണം തിരികെ ലഭിച്ചതുമില്ല. പിന്നാലെയാണ് പരാതികള്‍ ഉയര്‍ന്നത്. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണെന്നും സ്വാധീനമുണ്ടെന്നും ഉദ്യോഗാര്‍ഥികളെ ധരിപ്പിച്ചാണ് ദിദിന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ആശുപത്രി ജീവനക്കാരന്‍ സിദ്ദീഖിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.