മുവാറ്റുപുഴ: തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഇനിയും തുടരുമോ എന്ന ആശങ്കയിലാണ് മുവാറ്റുപുഴ നിവാസികൾ. മഴയുടെ പെയ്ത്തു നിലയ്ക്കാത്തതും, നീരൊഴുക്ക് വർധിച്ചതിനാലും മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഇത് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കുന്നു. ഈ അവസ്ഥ തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. മൂവാറ്റുപുഴയാറിലേക്ക് സന്ധിക്കുന്ന തൊടുപുഴ, കാളിയാർ, കോതമംഗലം പുഴകളിലും നീരൊഴുക്ക് ശക്തമാണ്.
ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലും, സമീപപ്രദേശങ്ങളിലും അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുവാറ്റുപുഴയാറിന്റെ വശങ്ങളെല്ലാം വെള്ളം കയറിക്കിടക്കുകയാണ്. ഇനി പെയ്യുന്ന ഓരോ തുള്ളിയും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്ന സാഹചര്യമായതിനാൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.