തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം തുടരുന്നു. വിലകുറച്ച് വില്‍ക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈക്കോയിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈക്കോയുടെ വിശദീകരണം.
13 ഇനം സാധനങ്ങള്‍ വിലകുറച്ചു വില്‍ക്കുന്നതാണ് പൊതുജനങ്ങളെ സപ്ലൈക്കോയിലേക്ക് അടുപ്പിക്കുന്നത്. പൊതുവിപണിയില്‍ വൻവിലയുള്ള സാധനങ്ങള്‍ തേടി സപ്ലൈക്കോയിലെത്തുന്ന സാധാരണക്കാര്‍ നിരാശരായാണ് മടങ്ങുന്നത്. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് ഒന്നരമാസമായി. വറ്റല്‍മുളകും വൻപയറും തീര്‍ന്നിട്ട് ഒരു മാസം കഴിഞ്ഞു. ഉഴുന്ന് രണ്ടാഴ്ച്ച മുൻപ് തീര്‍ന്നതാണ്. 13 സബ്സിഡി ഇനങ്ങളില്‍ മറ്റുപലതും ചെറിയ അളവില്‍ സ്റ്റോക്ക് വരും വേഗം തീരും.
സപ്ലൈക്കോയില്‍ സാധനം നല്‍കാൻ വിതരണക്കാര്‍ തയ്യാറല്ല. മുൻപ് വിതരണം ചെയ്ത സാധനങ്ങളുടെ 650കോടി രൂപ കുടിശ്ശിക ഇനിയും സപ്ലൈക്കോ നല്‍കിയിട്ടില്ല. കേരളം കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ല.
വര്‍ഷങ്ങളായി സബ്സിഡി നല്‍കുന്ന വകയില്‍ 1525കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് നല്‍കേണ്ടത്. സാമ്ബത്തിക പ്രതിസന്ധി കാരണം ഒരു രൂപ പോലും തരാനില്ലെന്നാണ് ധനവകുപ്പിൻറെ നിലപാട്.