കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ രണ്ടുപേർ അറസ്റ്റിലായി. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്ബലം സ്വദേശി രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാഞ്ചേരിയില്‍ ഡ്രോണ്‍ പറത്തി കുടുങ്ങിയത്. റെഡ് സോണ്‍ മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനാണ് അറസ്റ്റ്.
കൊച്ചി നഗരത്തിലെ നേവല്‍ ബേസ്, ഷിപ്‌യാഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിൻ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എൻജി ടെർമിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനല്‍, അമ്ബലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങള്‍ റെഡ് സോണ്‍ മേഖലകളാണ്. ഇവിടങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഇല്ല.
കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ റെഡ് സോണില്‍ ഡ്രോണ്‍ പറത്താനാകൂ. അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തുന്നത് ശിക്ഷാർഹമാണ്.