മാസപ്പടി വിവാദം:മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നിലപാട് കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ.

മാസപ്പടി വിവാദം:മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നിലപാട് കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ.
alternatetext

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നിലപാട് കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ. വിജിലൻസ് അന്വേഷണത്തിന് പകരം കോടതി നേരിട്ടു കേസെടുക്കണം എന്നാണ് ആവശ്യം. ഇതോടെ കോടതി വിമർശനവും മാത്യുവിനെതിരെ ഉന്നയിച്ചു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താല്‍ മതിയെന്നാണു കുഴല്‍നാടൻ ഉന്നയിച്ച ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു.

കേസില്‍ ഈ മാസം 12ന് കോടതി വിധിപറയും. അതേസമയം, ഹർജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നു വ്യക്തമായിരിക്കുകയാണെന്നു വിജിലൻസിനായി ഹാജരായ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്നു കോടതി കേസില്‍ വിധി പറയുന്നത് ഏപ്രില്‍ 12ലേക്ക് മാറ്റുകയായിരുന്നു. സേവനങ്ങളൊന്നും നല്‍കാതെയാണു സിഎംആർഎലില്‍നിന്നു വീണ പണം കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടിയാണു കുഴല്‍നാടൻ കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29നാണ് മാത്യു കുഴല്‍നാടൻ ഹർജി നല്‍കിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും വീണയും ഉള്‍പ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികള്‍.

തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുള്ള കർത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആർഎലുമായി കരാറിലേർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യൂ വകുപ്പിനോട് കർത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താൻ നിർദ്ദേശിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.