മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍ നാടൻ എംഎല്‍എ സമർപ്പിച്ച ഹർജിയില്‍ സർക്കാറിനോട് കൂടുതല്‍ വിശദീകരണം നല്‍കാൻ വിജിലൻസ് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ സമർപ്പിച്ച ഹർജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കാൻ സർക്കാറിനോട് ആവശ്യപ്പെട്ടത്.
സംഭവത്തില്‍ സർക്കാറിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട കോടതി കെ ആർ ഇ എല്ലും സി എം ആർ എല്ലും തമ്മിലുള്ള ബന്ധവും കമ്ബനികളുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങളും അടിസ്ഥാന കാര്യങ്ങള്‍ എന്നിവയില്‍ വ്യക്തത നല്‍കാനും സർക്കാറിനോട് ആവശ്യപ്പെട്ടു. നേരത്തെ തന്നെ വാദം പൂർത്തിയായ കേസില്‍ വിധി പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനാല്‍ വിധി പറയുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സർക്കാര് നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം കോടതി വിധി പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ധാതു മണല്‍ ഖനനത്തിനായി സിഎംആർഎല്‍ കമ്ബനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി പണം കൈപ്പറ്റി എന്നാണ് മാത്യു കുഴല്‍ നാടൻ എംഎല്‍എ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും അടക്കം ഏഴുപേരെ എതിർകക്ഷികള്‍ ആക്കി സമർപ്പിച്ച കേസില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് ആദ്യം കുഴല്‍ നാടൻ എംഎല്‍എ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് കേസ് കോടതി നേരിട്ട് അന്വേഷിക്കണം എന്ന് തരത്തില്‍ നിലപാട് മാറ്റവും നടത്തിയിരുന്നു.
വിജിലൻസ് വേണോ കോടതി വേണോ എന്ന് തീരുമാനിക്കാൻ നിർദ്ദേശിച്ച കോടതിയോട് കോടതി അന്വേഷിച്ചാല്‍ മതി എന്നായിരുന്നു മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. സി എം ആർ എല്‍ കമ്ബനി ധാതു മണല്‍ഖനനത്തിനായി ആറാട്ടുപുഴയില്‍ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങള്‍ എതിരായതിനാല്‍ അനുമതി ലഭിച്ചില്ലെന്നും ഭൂമിക്ക് ഇളവ് ലഭിക്കാൻ കർത്തയുടെ കമ്ബനി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ വീണ സിഎം ആർ എല്ലുമായി കരാറില്‍ ഏർപ്പെടുകയായിരുന്നുവെന്നും മാത്യു കുഴല്‍ നാടൻ നല്‍കിയ ഹർജിയില്‍ പറയുന്നുണ്ട്.
കർത്തയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ മുഖ്യമന്ത്രി റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചു എന്നും മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജിയില്‍ ആരോപിക്കുന്നു.