മാസപ്പടി വാങ്ങിയ സംഭവത്തില്‍ ചോദ്യങ്ങള്‍ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ല: കെ.സുരേന്ദ്രൻ.

മാസപ്പടി വാങ്ങിയ സംഭവത്തില്‍ ചോദ്യങ്ങള്‍ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ല: കെ.സുരേന്ദ്രൻ.
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ ചോദ്യങ്ങള്‍ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷ നേതാക്കളെ കുറിച്ച്‌ ഇത്രയും ഗൗരവമേറിയ ആരോപണമുയര്‍ന്നിട്ടും സംസ്ഥാന അന്വേഷണ ഏജൻസികള്‍ ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തത് കേരളത്തില്‍ നിയമ സംവിധാനം തകര്‍ന്നതിൻ്റെ ഉദാഹരണമാണ്.

96 കോടി രൂപയാണ് ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് മാസപ്പടി കിട്ടിയതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രൻ പറഞ്ഞു. വ്യവസായം നടത്താനുള്ള തടസങ്ങള്‍ നീക്കാനാണ് പണം കൊടുത്തതെന്നാണ് കരിമണല്‍ വ്യവസായി പറയുന്നത്. ഇത് നിയമപരമായി കൈക്കൂലിയാണ്. മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയത് അഴിമതി നിരോധന നിയമം 13(1) (ഡി) യില്‍ വരുന്നതാണ്. ഇത് മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗമാണ്. യുഡിഎഫിന് ഈ വിഷയം ഉന്നയിക്കാനാവില്ല. കാരണം അവരുടെ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടല്ലോ. മാസപ്പടിക്കാരുടെ സംയുക്ത സമ്മേളനമാണ് പുതുപ്പള്ളിയില്‍ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭരണ-പ്രതിപക്ഷം ഒരുമിച്ച്‌ അഴിമതി നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. ബ്രഹ്മപുരത്ത് തീപ്പിടുത്തമുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കേരളത്തിലെ അന്വേഷണ ഏജൻസികള്‍ ഇടപെടാത്തതിനാല്‍ കേന്ദ്ര ഏജൻസികളെ സമീപിക്കും. അങ്കമാലി ഫോര്‍ കാലടി എന്ന പോലെ സതീശൻ ഫോര്‍ പിണറായി എന്നാണ്.

പുതുപ്പള്ളി കേരളത്തിലെ ഏറ്റവും അവികസിത മണ്ഡലങ്ങളിലൊന്ന്. 53 വര്‍ഷമായി അവിടുത്തെ ജനപ്രതിനിധിയായ വ്യക്തിയും ഏഴുവര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരും പുതുപ്പള്ളിയുടെ കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാൻ മലയാളികള്‍ക്ക് സാധിക്കുന്നില്ല. സപ്ലൈകോയില്‍ ഒരു സാധനവുമില്ലെന്ന സാഹചര്യമാണ്. ഓണചന്ത വന്നാല്‍ എല്ലാ സാധനങ്ങളും ലഭ്യമാവുമെന്നാണ് മന്ത്രി പറയുന്നത്.

ഓണാഘോഷത്തിൻ്റെ പേരില്‍ കോടികള്‍ പൊടിക്കുകയാണ് സര്‍ക്കാര്‍. 87 ലക്ഷം പേര്‍ക്ക് കൊടുക്കേണ്ട കിറ്റ് ഇത്തവണ 7 ലക്ഷം പേര്‍ക്കാണ് കൊടുക്കുന്നത്. റെവന്യൂ ഡെഫിസിറ്റി ഗ്രാൻ്റിൻ്റെ പേരില്‍ കള്ളപ്രചരണം ആവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ കാര്യത്തിലും പരാജയമാണ്.

ഗണപതി അവഹേളനം പരാമര്‍ശിക്കില്ലെന്നാണ് രണ്ട് മുന്നണിയും പറയുന്നത്. എന്നാല്‍ അത് ചര്‍ച്ചയാവുമെന്നുറപ്പാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും സംബന്ധിച്ചു.