മണിപ്പുരില്‍ അനധികൃത ആയുധങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ആയുധം കവര്‍ന്നവരുടെയും അനധികൃത ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവരുടെയും ആഭിമുഖ്യമോ ഗോത്രമോ നോക്കാതെ നടപടിയെടുക്കണമെന്ന് മണിപ്പുര്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
മോഷ്ടിക്കപ്പെട്ട ആയുധങ്ങളുടെ കണക്കും വിശദവിവരങ്ങളും നല്‍കണമെന്ന ഓഗസ്റ്റ് ഏഴിലെ ഉത്തരവിന്മേലുള്ള പുരോഗതി വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. കുറ്റം ചെയ്തത് മറുവിഭാഗമാണെന്ന് ഇരുകൂട്ടരും കോടതിയില്‍ ആരോപിച്ചു. ഇതോടെ, ആയുധം ഉപയോഗിക്കുന്നവരുടെ ഗോത്രം ഏതാണെന്നത് തങ്ങളുടെ വിഷയമല്ലെന്ന് കോടതി പ്രസ്താവിച്ചു.