ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. രാജ്യസഭയില്‍ പ്രതിഷേധിച്ച ആംആദ്‌മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ വര്‍ഷകാല സമ്മേളനത്തിലെ ബാക്കിയുള്ള ദിവസങ്ങളിലേക്ക് സസ്‌പെൻഡ് ചെയ്‌തു. രാവിലെ സമ്മേളനം തുടങ്ങും മുൻപ്, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിന് വെളിയില്‍ പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷ മുന്നണിയുടെ പേരിനെ പരോക്ഷമായി സൂചിപ്പിച്ച് ‘ഇന്ത്യ ഫോര്‍ മണിപ്പൂര്‍’ എന്ന പ്ളക്കാര്‍ഡുമേന്തിയായിരുന്നു പ്രതിഷേധം. ഈ പ്ളക്കാര്‍ഡുകള്‍ സഭയ്‌ക്കുള്ളിലും ഉയര്‍ത്തി. സഭ നിറുത്തിവച്ചുള്ള വിശദ ചര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഹൃസ്വ ചര്‍ച്ചയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമെന്ന നിലപാട് ഭരണപക്ഷം ആവര്‍ത്തിച്ചതോടെയാണ് ഇന്നലെയും സഭ പ്രക്ഷുബ്‌ധമായത്.
രാജ്യസഭ രാവിലെ 11മണിക്ക് ബഹളത്തില്‍ പിരിഞ്ഞ ശേഷം 12മണിക്ക് സമ്മേളിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളി ചോദ്യോത്തര വേള തുടങ്ങാൻ അദ്ധ്യക്ഷൻ തീരുമാനിച്ചു. ജലശക്തി മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് സംസാരിച്ചുകൊണ്ടിരിക്കെ എംപിമാരുടെ ആവശ്യം തള്ളിയത് ചോദ്യം ചെയ്‌ത് സഞ്ജയ് സിംഗ് നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. മടങ്ങിപ്പോകണമെന്നും നടപടിയെടുക്കുമെന്നും അദ്ധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയത് അദ്ദേഹം വകവച്ചില്ല. സിംഗിന്റെ സസ്‌പെൻഷനെ തുടര്‍ന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ധൻകര്‍ യോഗം വിളിച്ചിരുന്നു.
സഭാ കക്ഷി നേതാക്കളല്ലാത്തതിനാല്‍ ആംആദ്മി പാര്‍ട്ടിയിലെ രാഘവ് ഛദ്ദയെയും തൃണമൂല്‍ കോണ്‍ഗ്രസിലെ സന്തനു സെന്നിനെയും അദ്ധ്യക്ഷൻ കയറ്റിയില്ല. ഇതേച്ചൊല്ലി പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. ലോക്‌സഭയില്‍ രാവിലെ പ്രതിപക്ഷ ബഹളം അവഗണിച്ച് സ്‌പീക്കര്‍ 20മിനിട്ട് ചോദ്യോത്തര വേള നടത്തി. പിന്നീട് 12 മണിവരെയും,ഉച്ചയ്‌ക്ക് ശേഷം രണ്ടു തവണയും നിര്‍ത്തിവച്ച ശേഷം സഭ പിരിഞ്ഞു.. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അമിത് ഷാ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാക്കളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു