തിരുവനന്തപുരം: മന്ത്രിസഭ പുന:സംഘടന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എല്‍.ഡി.എഫിനെ സ്നേഹിക്കുന്നവരാരുമല്ല ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മുന്നണിയില്‍ ഒരു കുത്തിത്തിരിപ്പുണ്ടാക്കാൻ ചിലര്‍ ബോധപൂര്‍വം നടത്തുന്ന പ്രവൃത്തിയാണിതെന്നും ആന്റണി രാജു പറഞ്ഞു.
രണ്ട് മാസങ്ങള്‍ക്ക് ശേഷം ചര്‍ച്ചചെയ്യേണ്ട ഒരു വിഷയം ഇപ്പോഴേ ചര്‍ച്ചയാക്കുന്ന ഒരു രീതി എല്‍.ഡി.എഫിനുമില്ല, സി.പി.എമ്മിനുമില്ല. ഇപ്പോഴത്തെ ചര്‍ച്ച മാധ്യമസൃഷ്ടിയാണെന്ന് ഞാൻ പറയുന്നില്ല. ഇതിന് പിന്നില്‍ ചിലരുണ്ട്. അതാരാണെന്ന് പിന്നീട് പറയും. രണ്ടര വര്‍ഷം കഴിഞ്ഞ് മാറണമെന്ന ഒരു നിബന്ധനയുണ്ടെങ്കില്‍ അത് അംഗീകരിക്കേണ്ടി വരും.
എത്ര വര്‍ഷം ഒരാള്‍ മന്ത്രിയാകണം, ഏത് വകുപ്പ് കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിക്കുന്നതില്‍ എല്‍.ഡി.എഫിന് യാതൊരു ബുദ്ധിമുട്ടുമില്ല. എല്‍.ഡി.എഫിനെ സംബന്ധിച്ച് സാമുദായിക പരിഗണനക്കപ്പുറം ഭരണമികവും രാഷ്ട്രീയ കാരണങ്ങളുമാണ് പരിഗണിക്കുന്ന കാര്യങ്ങള്‍. മുന്നണിക്ക് കോട്ടംതട്ടാത്ത രീതിയില്‍ തീരുമാനമെടുക്കാൻ എല്‍.ഡി.എഫ് നേതൃത്വത്തിനാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.