മകന്റെ അടിയേറ്റ്‌ അമ്മ മരിച്ചു

മകന്റെ അടിയേറ്റ്‌ അമ്മ മരിച്ചു
alternatetext

കായംകുളം: മകന്റെ അടിയേറ്റ്‌ അമ്മ മരിച്ചു. പുതുപ്പള്ളി മഹിളാമുക്ക്‌ പണിക്കശേരില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ(71)യാണ്‌ മരിച്ചത്‌. ഇവരുടെ ഇളയ മകന്‍ ബ്രഹ്‌മദേവനെ(43) അറസ്‌റ്റ് ചെയ്‌തു.

ശനിയാഴ്‌ച രാവിലെ ശാന്തമ്മയ്‌ക്ക് സുഖമില്ലെന്ന്‌ അയല്‍ക്കാരെയും ബന്ധുക്കളെയും ഇയാള്‍ അറിയിച്ചു. മൂത്ത മകനും അയല്‍വാസികളും ചേര്‍ന്ന്‌ ശാന്തമ്മയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഡോക്‌ടര്‍ തലയില്‍ മുറിവ്‌ കണ്ട്‌ സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ അമ്മയെ മര്‍ദിച്ചതായി മൊഴി നല്‍കി.തുടര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

മര്‍ദനത്തില്‍ വാരിയെല്ല്‌ പൊട്ടി ആന്തരിക രക്‌തസ്രാവം ഉണ്ടായാണ്‌ ഇവര്‍ മരിച്ചത്‌. മദ്യപിക്കുന്ന ശീലമുള്ള ശാന്തമ്മ മദ്യപാനം നിര്‍ത്തുന്നതിന്‌ ചികിത്സയിലായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. ഞായറാഴ്‌ച രാത്രി സമീപത്തെ ക്ഷേത്രത്തിലെത്തി ഇവര്‍ ബഹളം വച്ചിരുന്നു. ബ്രഹ്‌മദേവന്‍ എത്തിയാണ്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന്‌ മകന്‍ മര്‍ദിക്കുകയായിരുന്നെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഭര്‍ത്താവിന്റെ മരണശേഷം അവിവാഹിതനായ ബ്രഹ്‌മദേവനൊപ്പമാണ്‌ ശാന്തമ്മ കഴിഞ്ഞു വന്നത്‌. പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം സംസ്‌കരിച്ചു. മറ്റു മക്കള്‍: ഹരി, മായ, ജ്യോതി