മഹാരാഷ്ട്രയിലെ റായ്ഗഡ് മണ്ണിടിച്ചില്‍ ; മരണം 27 ആയി

മഹാരാഷ്ട്രയിലെ റായ്ഗഡ് മണ്ണിടിച്ചില്‍ ; മരണം 27 ആയി
alternatetext

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 27 ആയി. റായ്ഗഡിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 81 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ അഴുകാൻ തുടങ്ങിയെന്നും മറ്റുള്ളവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും ദേശീയ ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് ദീപക് തിവാരി അറിയിച്ചു. ജില്ല ഭരണകൂടം ഞായറാഴ്ച മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും റിപ്പോര്‍ട്ട് അയക്കുമെന്നും തിങ്കളാഴ്ച രാവിലെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണക്കുകള്‍ പ്രകാരം ഗ്രാമത്തിലെ ജനസംഖ്യ 229 ആണ്.

നിലവില്‍ 98 പേരെ താല്‍ക്കാലിക ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗ്രാമത്തിലെ 48 വീടുകളില്‍ 17 എണ്ണം പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ ബാധിത പ്രദേശത്തെ മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് ഇര്‍ഷാല്‍വാദിയിലും നാനിവാലി ഗ്രാമത്തിലും സെക്ഷൻ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപകട സമയത്ത് ഇര്‍ഷാല്‍വാഡി ഗ്രാമത്തിലെ കുട്ടികള്‍ ബോര്‍ഡിങ് സ്കൂളുകളില്‍ പോയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ദുരന്തത്തില്‍ ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അനാഥരായ കുട്ടികളെ സംരക്ഷിക്കാനുളള നടപടികള്‍ ആരംഭിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു