കൊല്ലം: രസകരമായ സംഭവമാണ് പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നടന്നത്. മദ്യപാനികളെ പിടികൂടാൻ വിജിലൻസ് സ്‌ക്വാഡ് പരിശോധന നടത്തുന്നതറിഞ്ഞ് ഇരുപത്തഞ്ചോളം ജീവനക്കാർ അവധിയെടുത്തു. സ്ക്വാഡിന്റെ പരിശോധനയിൽ മദ്യം കഴിച്ച രണ്ടു ഡ്രൈവർമാരെ പിടികൂടുകയും ചെയ്തു.
അപ്രതീക്ഷിതമായി ജീവനക്കാർ അവധിയെടുത്തതോടെ, യാത്രക്കാരെ വലച്ചു കൊണ്ട് കൊല്ലം, കൊട്ടാരക്കര, പുന്നല, ഏനാത്ത് തുടങ്ങിയ ഗ്രാമീണ മേഖലയിലടക്കം പതിനഞ്ചോളം സർവ്വീസുകളാണ് മുടങ്ങിയത്.
മദ്യപിച്ചതായി കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെയും, അകാരണമായി അവധിയെടുത്ത ജീവനക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.