മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ കോലത്ത് വീട്ടില്‍ സതീശന്റെ മകൻ സജീവാണ് ( ഉണ്ണി – 32) മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേര് കസ്റ്റഡിയിലെടുത്തു. സംഭവ സമയം സജീവിന് ഒപ്പമുണ്ടായിരുന്ന നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27) അരുണ്‍ ഭവനത്തില്‍ അരുണ്‍ (33) ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം നടന്നത്. സനീഷ് എന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഇവര്‍ നാലു പേരും. സനീഷിന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ കാഞ്ഞൂര്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്ബില്‍ നിന്ന് മദ്യപിക്കുന്നതിനിടെയാണ് തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
അവശനിലയിലായ സജീവിനെ സുഹൃത്തുക്കളായ പ്രവീണ്‍, അരുണ്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് വാഹനത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നത് . സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞു വെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാര്‍ഥ സംഭവം പുറത്തു വന്നത്.