ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് തന്നെ ജനങ്ങള്‍ക്ക് വൻ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍, ജാതി സെൻസസ്, സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ, പാചകവാതക വില 500 രൂപ ആക്കുന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
‘സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, കര്‍ഷകര്‍ക്ക് കടക്കെണിയില്‍ നിന്ന് ആശ്വാസം നല്‍കും. പാചകവാതക വില 500 രൂപയാക്കും. സ്ത്രീകള്‍ക്ക് മാസം 1500 രൂപ വീതം ലഭിക്കം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെൻഷൻ സ്കീം നടപ്പിലാക്കും. നൂറ് യൂണിറ്റ് വരെ വൈദ്യുത ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കില്ല’- ഖാര്‍ഗെ പറഞ്ഞു.പിന്നോക്കക്കാരില്‍ നിന്ന് ആറുപേര്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഉണ്ടെന്ന് പറഞ്ഞ ഖാര്‍ഗെ, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് ജാതിയടിസ്ഥാനത്തിലുള്ള സെൻസസ് നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. 2011-ലെ സെൻസസ് പ്രകാരം മധ്യപ്രദേശിലെ ജനസംഖ്യയില്‍ 1.13 കോടിപേര്‍ ദളിത് വിഭാഗക്കാരാണ് എന്നാണ് കണക്ക്