തിരുവനന്തപുരം: ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. 80 വയസ്സായിരുന്നു. 7.54നാണ് ജയചന്ദ്രൻ്റെ മരണം സ്ഥിരീകരിച്ചത്. പലവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി നിരവധി പാട്ടുകൾ പാടിയ പി ജയചന്ദ്രൻ ഭാഷാതിർത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ച ഗായകനാണ്. മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾ ആലപിച്ച പി ജയന്ദ്രനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്.
മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരു തവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴിൽ ‘കിഴക്ക് ചീമയിലെ’ എന്ന സിനിമയിലെ ഗാനത്തിന് 1994ലെ മികച്ച ഗായകനുള്ള അവാർഡും ലഭ്യമായി. തമിഴ്നാട് സർക്കാരിൻ്റെ കലൈമാ മണി പുരസ്കാരം എന്ന അംഗീകാരവും ജയചന്ദ്രനെ തേടിയെത്തി.