ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തില്‍ നേരത്തെ പിരിഞ്ഞെങ്കിലും ലോക്‌സഭ മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്നലെ കാര്യമായ ചര്‍ച്ചയില്ലാതെ പാസാക്കി. നഴ്സിംഗ് കൗണ്‍സിലിന് പകരം ദേശീയ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മിഷൻ രൂപീകരിക്കാനുള്ള ബില്‍, ദേശീയ ഡെന്റല്‍ കമ്മിഷൻ ബില്‍ എന്നിവയ്ക്കു പുറമേ, ധാതുഖനനത്തില്‍ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കുന്ന ബില്ലുമാണ് പാസാക്കിയത്.
കേരളവുമായി ബന്ധമുള്ള ടൈറ്റാനിയത്തിന്റെ ഖനനം സ്വകാര്യമേഖലയിലും നടത്താൻ പുതിയ ബില്ലില്‍ അനുമതിയുണ്ട്. അതേസമയം, കരിമണലിന്റെ ഖനനം പൊതുമേഖലയില്‍ തുടരുമെന്ന് കേന്ദ്ര ഖനന മന്ത്രി പ്രള്‍ഹാദ് ജോഷി എൻ.കെ. പ്രേമചന്ദ്രനെ അറിയിച്ചു. ഇതിലെ വൈരുദ്ധ്യം പ്രേമചന്ദ്രൻ ചൂണ്ടികാട്ടിയതോടെ ടൈറ്റാനിയത്തെ പൊതുമേഖലയില്‍ നിലനിറുത്താൻ ചട്ടം രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ വ്യക്തത വരുത്താൻ എം.പിയെ ഉള്‍പ്പെടുത്തി മന്ത്രി ഉന്നത തല യോഗം വിളിച്ചിരുന്നു.
12 ആണവ ധാതുക്കളുടെ പട്ടികയില്‍ നിന്ന് ബെറില്‍ – ബെറിലിയം, ലിഥിയം, നിയോബിയം, ടാന്റാലിയം, സിര്‍ക്കോണിയം എന്നിവയെ ഒഴിവാക്കിയ കൂട്ടത്തില്‍ ടൈറ്റാനിയവും ഉള്‍പ്പെട്ടുപോയതാണ്. പാറയില്‍ നിന്ന് ഖനനം ചെയ്യുന്നതാണ് ഈ ധാതുക്കള്‍. ടൈറ്റാനിയം മാത്രമാണ് മണലില്‍ നിന്നുള്ളത്. ബഹിരാകാശം, ഇലക്‌ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ്, ഊര്‍ജം, ഇലക്‌ട്രിക് ബാറ്ററി മേഖലകളില്‍ അനിവാര്യമായതിനാല്‍ ഖനനം കൂട്ടണമെന്നും അതിനാലാണ് സ്വകാര്യ മേഖലയെ കൊണ്ടുവരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
1947-ലെ ഇന്ത്യൻ നഴ്സിംഗ് കൗണ്‍സില്‍ നിയമം ഭേദഗതി ചെയ്താണ് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മിഷൻ രൂപീകരിക്കുന്നത്. വിദേശ പൗരൻമാര്‍ക്ക് നഴ്സിംഗ് മിഡ്‍വൈഫറി ലൈസൻസിന് നെക്‌സ്റ്റ് മാതൃകയില്‍ പരീക്ഷ നടത്തും. ഇന്ത്യയിലുള്ളവര്‍ക്ക് നഴ്സിംഗ് ബിരുദ, പി.ജി പ്രവേശനത്തിന് പൊതുപരീക്ഷയും ബില്‍ നിര്‍ദ്ദേശിക്കുന്നു.
ഡെന്റല്‍ കൗണ്‍സിലിനു പകരം കൂടുതല്‍ അധികാരങ്ങളോടെ ഡെന്റല്‍ കമ്മിഷൻ വരുന്നതോടെ രാജ്യത്ത് പ്രാക്ടീസ് ചെയ്യാനും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ദന്ത ഡോക്ടര്‍മാരായി എൻറോള്‍ ചെയ്യാനും അവസാനവര്‍ഷ ദന്തല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ് മാതൃകയില്‍ ‘നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (നെക്‌സ്‌റ്റ്) നിര്‍ബന്ധമാകും.