നാലാം ലോക കേരളസഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

നാലാം ലോക കേരളസഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍
alternatetext

തിരുവനന്തപുരം: 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരളസഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.

അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരളസഭയിലെ നിർദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈൻ പോർട്ടല്‍, കേരള മൈഗ്രേഷൻ സര്‍വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ 13ന് നിർവഹിക്കും. കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സര്‍വേയുടെ ഭാഗമായുള്ള സെമിനാറും തുടർന്ന് ചേരും.

13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക. എമിഗ്രേഷൻ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്‍റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്ബദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.