ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി നാളെ വൈകിട്ട് (ഏപ്രില്‍ 24) ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദർശനങ്ങള്‍, ഒപ്പീനിയൻ പോള്‍, പോള്‍ സർവേ, എക്സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്റെയും എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും കർശന പരിശോധ തുടരും. വോട്ടർമാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്കല്, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കർശന നടപടിയെടുക്കും.
ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്പനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.