സപ്ലൈകോ പെട്രോള്‍ പമ്ബുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് മൈക്രോ എടിഎം സംവിധാനത്തോടുകൂടി മാനന്തവാടിയില്‍ ആരംഭിച്ച സപ്ലൈകോ പെട്രോള്‍ ബങ്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്ക് ശേഷം ഇപ്പോള്‍ വയനാട്ടിലും സപ്ലൈകോ പെട്രോള്‍ പമ്ബുകള്‍ ആരംഭിച്ചിരിക്കുകയാണ്. സപ്ലൈകോയുടെ പതിമൂന്നാമത് ഔട്ട്ലെറ്റാണ് മാനന്തവാടിയിലേത്. സപ്ലൈകോയുടെ വിവിധ മേഖലകളിലൂടെ മാർക്കറ്റില്‍ ഇടപെട്ട് വിലവർദ്ധനവിന്റെ പ്രയാസങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെല്ലിന് ന്യായവില, പൊതു വിദ്യാഭ്യാസരംഗത്ത് അരി വിതരണം, ന്യായവിലക്ക് മരുന്ന്, റേഷൻ കട വഴി അരിവിതരണം, പെട്രോള്‍ പമ്ബ് തുടങ്ങിയവയെല്ലാം സർക്കാർ സാമൂഹിക പ്രതിബദ്ധതയോടെ നേരിട്ട് നടത്തുന്ന പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു.
സപ്ലൈകോയിലുണ്ടായ പ്രതിസന്ധി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണെന്ന് ധരിക്കരുത്. ജനങ്ങളെ സഹായിക്കുന്ന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിനാലാണ് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ അരി വിതരണം ചെയ്യുന്നതിലൂടെ സപ്ലൈകോ 11 രൂപയുടെ ബാധ്യതയാണ് ഏറ്റെടുക്കുന്നത്. സപ്ലൈകോയില്‍ സബ്സിഡി നല്‍കുന്ന 13 ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ആയിരത്തില്‍ പരം ഉല്‍പ്പന്നങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ മാർക്കറ്റ് വിലയേക്കാള്‍ കുറവാണ് ഈടാക്കുന്നത്.
വിവിധ മേഖലകളില്‍ നിന്നുള്ള ലാഭം കൂടി ഉള്‍പ്പെടുത്തിയാണ് സപ്ലൈകോ സബ്സിഡി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം 95 ഔട്ട്ലെറ്റുകളാണ് പുതുക്കിയും പുതിയതുമായി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനായിരുന്നു. സാമൂഹ്യക്ഷേമ മേഖലയില്‍ സർക്കാർ ഇടപെടുന്നു എന്നതിന് തെളിവാണ് ജില്ലയിലെ ആദ്യത്തെ സപ്ലൈകോ പെട്രോള്‍ ബങ്ക് സംരംഭം.
സപ്ലൈകോ പമ്ബുകള്‍ വഴി ഏറ്റവും നല്ല ഇന്ധനം നല്‍കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ആദ്യവില്‍പ്പന നടത്തി.
ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലര്‍ വി.ഡി അരുണ്‍ കുമാര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എ.ജി.എം എൻ.രഘു നാഥ്, ജില്ലാ സപ്ലൈ ഓഫീസർ ജയിംസ് പീറ്റർ, ബി.പി.സി.എല്‍ റീട്ടെയില്‍ സ്റ്റേറ്റ് ഹെഡ് കെ.വി രമേശ് കുമാർ, ബി.പി. സി.എല്‍ റീട്ടെയില്‍ ടെറിട്ടറി മാനേജർ ജയ് ദീപ് പോട്ട്ദാർ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.