കൊച്ചി: കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായിട്ടും സാമ്ബത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മനപൂര്‍വമായി കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സില്‍വര്‍ ലൈന്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.
കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സപ്ലൈക്കോയും പൂട്ടലിന്റെ വക്കിലാണ്. 3500 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. ഒരു സാധനത്തിന്റെയും വില കൂട്ടില്ലെന്നാണ് എല്‍.ഡി.എഫ് പറഞ്ഞത്. ഒരു സാധനവും സപ്ലൈകോയില്‍ ലഭ്യമല്ലാത്തതിനാല്‍ വില കൂട്ടേണ്ട ആവശ്യമില്ല. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. 50 മുതല്‍ 150 ശതമാനം വരെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. വിപണി ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ അപ്രായോഗികമാണെന്ന യു.ഡി.എഫിന്റെ ഉറച്ച നിലപാട് ഇപ്പോള്‍ സര്‍ക്കാറും അംഗീകരിച്ചിരിക്കുകയാണ്. പുതിയ റെയില്‍പ്പാത സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതല്ലാതെ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ പ്രതിപക്ഷത്തിന് താല്‍പര്യമുണ്ട്. എന്തിനെയും എതിര്‍ക്കുന്ന സമീപനം പ്രതിപക്ഷത്തിനില്ല. സില്‍വര്‍ ലൈനിലും വിദഗ്ധരുമായി നിരന്തര ചര്‍ച്ച നടത്തിയ ശേഷമാണ് അത് കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചത്.
ഇ ശ്രീധരന്‍ നല്‍കിയ ഒരു പേപ്പറിന്റെ പേരിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അതിവേഗ റെയില്‍പ്പാതയെ കുറിച്ച് സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. എന്താണ് പദ്ധതി? അതിന്റെ ഡി.പി.ആര്‍ എന്താണ്? പദ്ധതി പാരിസ്ഥിതികമായ കേരളത്തെ എങ്ങനെ ബാധിക്കും? ഇതൊക്കെ സര്‍ക്കാര്‍ വ്യക്തമാക്കണം. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും സാമ്ബത്തികമായി കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന പദ്ധതി ആയതിനാലാണ് കെ റെയിലിനെ യു.ഡി.എഫ് എതിര്‍ത്തതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.