തിരുവനന്തപുരം; മേയര്‍ കെഎസ്‌ആര്‍ടിസ ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറായ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു.കെഎസ്‌ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്‌എച്ച്‌ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
കെഎസ്‌ആര്‍ടിസി മനേജിങ് ഡയറക്ടറും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷനും അന്വേഷണം നടത്തി ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡിഷ്യല്‍ അംഗവുമായ കെ ബൈജൂനാത് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗിലാണ് മേയ് 9 ന് കേസ് പരിഗണിക്കുന്നത്.
മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. ഏപ്രില്‍ 27 ന് കെഎസ്‌ആര്‍ടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു.
ഏപ്രില്‍ 27 ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ്‌എച്ച്‌ഒ ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുന്‍ഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തെന്നാണ് യദുവിന്റെ പരാതി.