ബെംഗളുരു: ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. കര്‍ണാടക സര്‍ക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കര്‍ണാടക സര്‍ക്കാരും പുതിയ തീരുമാനമെടുത്തത്. നേരത്തെയും പല തവണ മൊബൈല്‍ നിരോധന വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് ഔദ്യോഗികമായി വിലക്ക് തീരുമാനം കൈക്കൊള്ളുകയായിരുന്നു കര്‍ണാടക സര്‍ക്കാര്‍. ഭക്തരെയും ജീവനക്കാരെയും ക്ഷേത്രത്തിനുള്ളില്‍ ഫോണ്‍ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും മൊബൈല്‍ കൊണ്ടുപോകണമെങ്കില്‍ അവ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.