സംസ്ഥാന സർക്കാർ മില്‍മ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ല് രാഷ്‌ട്രപതി ദ്രൗപതി മുർമു തള്ളി. ക്ഷീര കർഷകരുടെ പ്രതിനിധികള്‍ക്കല്ലാതെ അഡ്മിനിസ്ട്രേറ്റർക്കും വോട്ടവകാശം നല്‍കുന്ന ബില്ല് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്‌ട്രപതിക്ക് അയച്ചിരുന്നു. ഈ ബില്ലാണ് ഇപ്പോള്‍ രാഷ്‌ട്രപതി തള്ളിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്ക് വോട്ട് ചെയ്യാൻ അധികാരം ലഭിച്ചാല്‍ മില്‍മ ഭരണം ഇതിലൂടെ പിടിക്കാം എന്ന സർക്കാറിന്റെ മോഹവും ഇതോടെ പാഴായി.
നിയമസഭ പാസാക്കിയ 7 ബില്ലുകള്‍ ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് രാഷ്‌ട്രപതി ഇതുവരെ അംഗീകാരം നല്‍കിയത്. സർവ്വകലാശാല നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലും സർവ്വകലാശാല ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലും സെർച്ച് കമ്മിറ്റിയില്‍ ഗവർണറുടെ അധികാരം കുറയ്‌ക്കുന്നതിനുള്ള ബില്ലും രാഷ്‌ട്രപതി നേരത്തെ തന്നെ തള്ളിയിരുന്നു.
ഇപ്പോള്‍ ക്ഷീര സംഘം സഹകരണ ബില്ല് കൂടി രാഷ്‌ട്രപതി തള്ളിയതോടെ രണ്ട് ബില്ലുകളില്‍ മാത്രമാണ് ഇനി രാഷ്‌ട്രപതിയുടെ തീരുമാനം വരാനുള്ളത്. സംസ്ഥാനത്ത് സിപിഎമ്മാണ് മില്‍മ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബില്ല് കൊണ്ടുവരുന്നതില്‍ മുൻകൈയെടുത്തതെന്ന തരത്തില്‍ ആരോപണം ഉയർന്നിരുന്നു. സർവ്വകലാശാലയില്‍ ഇതിനുമുൻപ് നടത്തിയ 3 ഭേദഗതികളും രാഷ്‌ട്രപതി തടഞ്ഞിരുന്നു.