നിക്ഷേപത്തട്ടിപ്പില്‍ കെ.പി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ മുൻ കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസൻ അറസ്റ്റില്‍

നിക്ഷേപത്തട്ടിപ്പില്‍ കെ.പി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ മുൻ കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസൻ അറസ്റ്റില്‍
alternatetext

തൃശ്ശൂർ: നിക്ഷേപത്തട്ടിപ്പില്‍ കെ.പി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ മുൻ കൗണ്‍സിലറുമായ അന്നമനട പാലിശ്ശേരി ചാത്തോത്തില്‍ വീട്ടില്‍ സി.എസ്. ശ്രീനിവാസൻ അറസ്റ്റില്‍. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതേകേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് നാലിന് പ്രവാസിവ്യവസായി ടി.എ. സുന്ദർമേനോൻ അറസ്റ്റിലായിരുന്നു. ഇനിയും നാലുപേർ പിടിയിലാകാനുണ്ട് .

പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികള്‍ തട്ടിപ്പുനടത്തിയെന്നാണ് പരാതി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു സി.എസ്. ശ്രീനിവാസൻ. ഏഴുകോടിയിലധികം രൂപയാണ് ഇവർ അടങ്ങുന്ന സംഘം തട്ടിയത്. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിക്കുക, ആർ.ബി.ഐ. നിബന്ധനകള്‍ക്ക് വിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുക, നിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരേയുള്ളത്. വഞ്ചനക്കുറ്റവും ബഡ്സ് നിയമവുമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

പൊതുജനങ്ങളില്‍നിന്ന് സ്വീകരിച്ച പണം ഡയറക്ടർമാർ ഭൂസ്വത്ത് വാങ്ങാനുപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാത്ത സംഭവങ്ങളും നിരവധിയുണ്ട്. തൃശ്ശൂർ വെസ്റ്റ് പോലീസില്‍ രജിസ്റ്റർ ചെയ്ത 18 കേസുകളിലാണ് ഈ അറസ്റ്റ്. 62 പേരാണ് പരാതിക്കാർ. വെസ്റ്റ് സ്റ്റേഷനില്‍നിന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ബഡ്സ് നിയമപ്രകാരം പ്രതികളുടെ സ്വത്ത് മരവിപ്പിക്കുകയും കണ്ടുകെട്ടാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാളായ പുതൂർക്കര പുത്തൻവീട്ടില്‍ ബിജു മണികണ്ഠനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജുവും സുന്ദർമേനോനും റിമാൻഡിലാണ്. 2016-ല്‍ ആണ് സ്ഥാപനം തുടങ്ങിയത്. 2023 ഏപ്രില്‍മുതലാണ് നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതായത്. പണം തിരിച്ചുചോദിച്ചവർക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറയുന്നു