കോഴിക്കോട്: ജില്ലയില്‍ നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. നിപ ബാധിച്ച് മരിച്ച 47കാരന് ആഗസ്റ്റ് 22നാണ് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അതിന് ശേഷം അദ്ദേഹം ആഗസ്റ്റ് 23ന് വൈകുന്നേരം 7.30 നും 10 മണിക്കും ഇടയില്‍ തിരുവള്ളൂരില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്തു. ആഗസ്റ്റ് 24ന് വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ആഗസ്റ്റ് 25ന് രാവിലെ 10.30 നും 12.30 നും ഇടയില്‍ മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 നും 1.30 നും ഇടയ്ക്ക് കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്.
ആഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഷേദ് മെഡിക്കല്‍ സെന്ററില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പിന്നീട് ആഗസ്റ്റ് 28ന് രാത്രി 09:30 മുതല്‍ 29 ന് പുലര്‍ച്ചെ 12.30 വരെ തൊട്ടില്‍പാലം റഹ്മ ആശുപത്രിയിലും ആഗസ്റ്റ് 29ന് പുലര്‍ച്ചെ 2.30 മുതല്‍ 4.15 വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ എമര്‍ജൻസി വിഭാഗത്തിലും പ്രവേശിപ്പിച്ചു. 4.15ന് എംഐസിയുവില്‍ പ്രവേശിപ്പിച്ചു.
40 കാരനായ രണ്ടാമത്തെ ആള്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് രോഗലക്ഷണങ്ങള്‍ കണ്ടു. അന്നേ ദിവസം മുതല്‍ സെപ്റ്റംബര്‍ ഏഴിന് ഉച്ചവരെ ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അന്ന് ഉച്ചക്ക് റൂബിയാൻ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി. സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.15നും 10.45നും ഇടയില്‍ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. അന്ന് ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയില്‍ തട്ടങ്കോട് മസ്ജിദ് സന്ദര്‍ശിച്ചു.ഇതേ ദിവസം ഉച്ചക്ക് ശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
സെപ്റ്റംബര്‍ ഒൻപതിന് രാവിലെ 10 മണിക്കും 12നും ഇടയിലും സെപ്റ്റംബര്‍ 10ന് രാവിലെ 10.30നും 11നും ഇടയിലും വില്ല്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. അന്ന് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയില്‍ വടകര ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 11ന് രാവിലെ എട്ട് മണിക്ക് ഡോ. ജ്യോതി കുമാറിന്റെ ക്ലിനിക്കിലെത്തിയ അദ്ദേഹം അന്ന് രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയില്‍ വടകര കോ-ഓപറേറ്റീവ് ആശുപത്രിയിലെത്തി. അന്ന് രാത്രി ഏഴ് മണിക്ക് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വച്ച് മരണം സംഭവിച്ചു.