കൊച്ചി: ഉത്ര വധക്കേസിലെ പ്രതി സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അമ്മ രേണുകയ്ക്ക് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി. രേണുകയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 1 ലക്ഷം രൂപയുടെയും 2 പേരുടെ ആള്‍ജാമ്യത്തിലും വിട്ടയയ്ക്കണം എന്നാണ് ജസ്റ്റിസ് പി കൃഷ്ണകുമാറിന്റെ ഉത്തരവ്.
സൂരജിന് പരോള്‍ ലഭിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂരജിന്റെ അമ്മ രേണുകയ്‌ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്നും പരോള്‍ അനുവദിക്കണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിച്ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് രേണുക നല്‍കുകയായിരുന്നു.
സംശയം തോന്നിയ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണു വ്യാജമായി തയാറാക്കിയതാണെന്ന് മനസ്സിലായത് . തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ സൂരജിനും അമ്മയ്ക്കുമെതിരെ കേസെടുക്കുകയായിരുന്നു