കേരളത്തിന് വീണ്ടും കേന്ദ്ര ബജറ്റില്‍ നിരാശ;സ്വർണത്തിനും വെള്ളിക്കും വിലകുറയും

കേരളത്തിന് വീണ്ടും കേന്ദ്ര ബജറ്റില്‍ നിരാശ;സ്വർണത്തിനും വെള്ളിക്കും വിലകുറയും
alternatetext

ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും കേന്ദ്ര ബജറ്റില്‍ നിരാശ. കേരളത്തിൻ്റെ ആവശ്യങ്ങളില്‍ ഒന്നും തന്നെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ബജറ്റില്‍ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. 24,000 കോടി രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, കേരളത്തിന് പുതിയ ടൂറിസം പദ്ധതികള്‍ പോലും പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്തെ പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതിക്കായി പരിഗണിച്ചിട്ടുള്ളത് ബിഹാ‍‍ർ, അസം, ഹിമാചല്‍, സിക്കിം എന്നീ സംസ്ഥാനങ്ങളെയാണ്. സംസ്ഥാനത്തെ വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുകയോ, വിഴിഞ്ഞം പദ്ധതിക്ക് പാക്കേജ് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യേക വ്യാവസായിക ഇടനാഴി പ്രഖ്യാപിക്കുകയുണ്ടായി.

കേന്ദ്രത്തോട് സംസ്ഥാനം പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വിവിധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ ജലജന്യരോഗങ്ങളുടെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ രോഗനിർണയ കേന്ദ്രങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇവയൊന്നും അനുവദിച്ചിട്ടില്ല.

എന്നാൽ സാധാരണക്കാർക്ക് ആശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. സ്വർണത്തിനും വെള്ളിക്കും വിലകുറയും. ഇതിനൊപ്പം മൊബൈല്‍ ഫാേണുകള്‍ക്കും ചാർജറുകള്‍ക്കും തുണിത്തരങ്ങള്‍ക്കും ലതർ ഉത്പന്നങ്ങള്‍ക്കും വില കാര്യമായി കുറയും. ബഡ്‌ജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്.

ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്നു മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തില്‍ സമഗ്ര പരിഷ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യണ്യപ്രവർത്തനങ്ങള്‍ക്കുള്ള പണമിടപാടിന് നികുതിയില്ല. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി ഉണ്ടാകില്ല എന്ന പ്രഖ്യാപനവും ബഡ്ജറ്റിലുണ്ട്. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നല്‍കും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകള്‍ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകള്‍ കൊണ്ട് വരും.

എംഎസ്‌എംഇകള്‍ക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും ബഡ്‌ജറ്റ് പ്രഖ്യാപനത്തിലുണ്ട്. എംഎസ്‌എംഇകള്‍ക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകള്‍ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതല്‍ വ്യവസായ പാർക്കുകള്‍ കൊണ്ടുവരും. 12 വ്യവസായ പാർക്കുകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. തൊഴില്‍, മദ്ധ്യവർഗം, ചെറുകിട – ഇടത്തരം മേഖലകള്‍ക്ക് ആണ് ബഡ്ജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.