കോഴിക്കോട്: കേരളത്തിന്‍റെ വികസനം മുടക്കുന്ന കേന്ദ്രമന്ത്രിയെന്ന മുഹമ്മദ് റിയാസിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി വി മുരളീധകരൻ രംഗത്ത്. അമ്മായി അച്ഛനും മരുമകനും നടപ്പാക്കിയ വികസനം കാരണം ജനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിലെന്നാണ് മുരളീധരൻ അഭിപ്രായപ്പെട്ടത്. അമ്മായി അച്ഛൻ മുഖ്യമന്ത്രി അയതുകൊണ്ട് മന്ത്രി ആയ ആളല്ല താനെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
വിയോജിക്കുന്നവരെ ആക്ഷേപിക്കുന്ന ശീലം ആണ് സി പി എമ്മുകാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സെനറ്റിലേക്ക് ആര്‍ എസ് എസുകാരെ തിരുകി കയറ്റുന്നു എന്ന വിമര്‍ശനത്തോടും കേന്ദ്രമന്ത്രി പ്രതികരിച്ചു. സെനറ്റിലേക്ക് സി പി എമ്മുകാരെ മാത്രമേ നിയമിക്കാവൂ എന്നില്ലല്ലോ എന്നായിരുന്നു മുരളീധരന്‍റെ ചോദ്യം. ഗവര്‍ണറെ തടയും എന്ന എസ് എഫ് ഐ നിലപാട് സി പി എമ്മിന്‍റേതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുദേവനെ കുറിച്ച് ഗവര്‍ണര്‍ മിണ്ടരുത് എന്നാണോ എസ് എഫ് ഐയുടെയും സി പി എമ്മിന്‍റെയും നിലപാടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് എതിരായ ബാനര്‍ ഇതുവരെ നീക്കിയിട്ടില്ല. ചാൻസലര്‍ക്ക് എതിരെ സര്‍വകലാശാലയില്‍ തന്നെ ബാനര്‍ നില്‍ക്കുന്നത് ജീവനക്കാരുടെ ഒത്താശയോടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്ക് എന്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത് എന്നതില്‍ ആശങ്കയുണ്ടെന്നും പറഞ്ഞ മുരളീധരൻ, ആരിഫ് മുഹമദ് ഖാൻ ആരെന്ന് സി പി എമ്മിന് ഇപ്പോഴും മനസിലായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ചെന്ന കേരളത്തിന്‍റെ നിലപാടിനോടുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണത്തിനെതിരെയാണ് നേരത്ത റിയാസ് വിമര്‍ശനം ഉന്നയിച്ചത്. വികസനം മുടക്കി വകുപ്പ് മന്ത്രി എന്ന നിലയില്‍ ആണ് വി മുരളീധരന്‍റെ പ്രസ്താവനകളെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ കുറ്റപ്പെടുത്തല്‍. സംസ്ഥാന വികസനം മുടക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കാറുള്ളതെന്നും റിയാസ് പറഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചത് കേരളത്തോടുള്ള വെല്ലുവിളി ആണ് .പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. വി ഡി സതീശൻ ബി ജെ പി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും റിയാസ് അഭിപ്രായപ്പെട്ടിരുന്നു