കേരളത്തിന്‍റെ വായ്പാപരിധി വര്‍ധിപ്പിക്കാനായി നിബന്ധനകളില്‍ ഇളവു വരുത്തില്ല:കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ.

കേരളത്തിന്‍റെ വായ്പാപരിധി വര്‍ധിപ്പിക്കാനായി നിബന്ധനകളില്‍ ഇളവു വരുത്തില്ല:കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ.
alternatetext

ന്യൂഡല്‍ഹി: കേരളത്തിന്‍റെ വായ്പാപരിധി വര്‍ധിപ്പിക്കാനായി നിബന്ധനകളില്‍ ഇളവു വരുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ. എന്നാല്‍ കേരള സര്‍ക്കാരിന്‍റെ സമയാസമയങ്ങളിലുള്ള ആവശ്യമനുസരിച്ച്‌ മറ്റു സ്രോതസുകളില്‍നിന്നുള്ള വായ്പയെടുക്കാവുന്നതാണെന്നും ലോക്സഭയില്‍ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.

കേന്ദ്രസഹായത്തിനുള്ള നിബന്ധനകള്‍ പാലിക്കാത്ത കേരളം, പഞ്ചാബ് അടക്കം ഏഴു സംസ്ഥാനങ്ങളുടെ ഗ്രാന്‍റ് നല്‍കാതിരുന്നിട്ടുണ്ടെന്നും കേരള സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണു നിബന്ധനകള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതുവരെ ഗ്രാന്‍റ് നല്‍കാത്തതെന്നും മന്ത്രി പറഞ്ഞു. ഇതില്‍ ചില സംസ്ഥാനങ്ങള്‍ നിബന്ധനകള്‍ പൂര്‍ത്തീകരിച്ച്‌ തുക വാങ്ങിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ അക്കൗണ്ടന്‍റ് ജനറല്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞ കേരളം ഇതുവരെ അതു ചെയ്തിട്ടില്ല.

നിബന്ധനകള്‍ പാലിച്ചു റിപ്പോര്‍ട്ട് നല്‍കിയാല്‍ പണം ലഭിക്കും. അതു ചെയ്യാതെ രാഷ്‌ട്രീയമായി കേന്ദ്രത്തെ കുറ്റപ്പെടുത്താനാണു മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ശ്രമിക്കുന്നത്. അതിനാലാണ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അക്കമിട്ടു നിരത്തി താൻ മറുപടി പറഞ്ഞതെന്നും നിര്‍മല സീതാരാമൻ വിശദീകരിച്ചു. രാഷ്‌ട്രീയനേട്ടത്തിനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതെന്നും നിര്‍മല പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹമായ ഒരു രൂപപോലും കേന്ദ്രം പിന്നോട്ടു വലിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു