കേരളത്തില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ല:കൃഷി മന്ത്രി പി പ്രസാദ്

കേരളത്തില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ല:കൃഷി മന്ത്രി പി പ്രസാദ്
alternatetext

തിരുവനന്തപുരം: കേരളത്തില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ലെന്നും കര്‍ഷകനെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും കൃഷി മന്ത്രി പി.പ്രസാദ്. ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തകഴിയില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്തത് അത്യന്തം ഖേദകരമെന്നും കര്‍ഷകന്റെ വിയോഗത്തില്‍ പരേതന്റെ കുടുംബത്തോടുള്ള തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കൃഷി മന്ത്രി അറിയിച്ചു.

മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത തരത്തിലാണ് നെല്‍ കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ ഈ സര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്നും രാജ്യത്ത് നെല്ലിന് ഏറ്റവും ഉയര്‍ന്ന സംഭരണവില നല്‍കുന്നത് കേരളത്തില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. നെല്‍കൃഷിക്ക് വിത്ത് മുതല്‍ വിപണി വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്. ആത്മഹത്യ ചെയ്യപ്പെട്ട കര്‍ഷകനും സര്‍ക്കാര്‍ ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കുന്നത്.

നെല്‍കൃഷിക്ക് ആവശ്യമായ വിത്തും, നീറ്റുകക്കയും കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില മുഴുവൻ നല്‍കിയിട്ടുണ്ടെന്നും 2021-22 വര്‍ഷം ഉണ്ടായിരുന്ന പി.ആര്‍.എസ് വായ്പ യുടെ ബാധ്യത സര്‍ക്കാര്‍ തീര്‍ത്തിട്ടുള്ളതാണെന്നും 2022-23ലെ പി.ആര്‍.എസ് വായ്പയുടെ തിരിച്ചടവിന് സമയമായിട്ടില്ലെന്നുമാണ് ഭക്ഷ്യ വകുപ്പില്‍ നിന്നും അറിയാൻ കഴിഞ്ഞത്. കര്‍ഷകന് വ്യക്തിഗത വായ്പ ലഭിക്കാതെ പോയതിന്റെ യഥാര്‍ത്ഥ സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ബാങ്ക് വായ്പ കുടിശിക ഒറ്റത്തവണയിലൂടെ തീര്‍ക്കുന്നവരുടെ സിബില്‍സ്കോറില്‍ കുറവ് വരുന്നതും, ആക്കാരണത്താല്‍ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നതും പരിശോധിക്കപ്പെടണം. കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിന് അനുവദിക്കുന്ന വായ്പകളില്‍ ബാങ്കുകള്‍ക്ക് ഉദാരസമീപനം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.