കേരളത്തില്‍ ഇന്നു മുതല്‍ ഇടിമിന്നലോട് കൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

 കേരളത്തില്‍ ഇന്നു മുതല്‍ ഇടിമിന്നലോട് കൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
alternatetext

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ ഇടിമിന്നലോട് കൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം പതിനാലുവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റർ വരെ ശക്തിയില്‍ കാറ്റിനും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന് പിന്നാലെ രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്.

ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വീണ്ടും വീണ്ടും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.