കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും
alternatetext

കൊച്ചി: സംസ്ഥാനത്ത് ഒളിമ്ബിക്‌സ് മാതൃകയില്‍ ഇത്തവണ ആരംഭിക്കുന്ന കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും. ഇന്ന് മുതല്‍ 11 വരെയാണു മേള. പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകുന്നേരം നാലിന് മേളയുടെ അംബാസഡറും മുന്‍ ഇന്ത്യൻ ഹോക്കി താരവുമായ ഒളിമ്ബ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപശിഖയിലേക്ക് അഗ്‌നി പകരുന്നതോടെ മേളയ്ക്ക് തുടക്കമാകും.

തുടര്‍ന്ന് മൂവായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലാപരിപാടി അരങ്ങേറും. മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മേളയോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. 11ന് മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഒരാഴ്ച നീളുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 24,000 കായിക പ്രതിഭകളാണു മത്സരിക്കുന്നത്. വിദ്യാര്‍ഥീപങ്കാളിത്തംകൊണ്ട് ലോകത്തിലെതന്നെ ഏറ്റവും വലിയ കായികമാമാങ്കമാണിത്. ഗള്‍ഫ് മേഖലകളില്‍നിന്നും ഇത്തവണ കുട്ടികള്‍ എത്തുന്നുണ്ട്. പുലർച്ചെ 5.15നു നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തുന്ന 50 കായികതാരങ്ങളെ ജനപ്രതിനിധികളും സംഘാടകരും ചേര്‍ന്നു സ്വീകരിക്കും.