തിരുവനന്തപുരം: ഈവര്‍ഷം മുതല്‍ സംസ്ഥാനത്ത് കീം എഞ്ചിനീറിംഗ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. പരീക്ഷ നടത്തുന്നത് ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പത് വരെ വിവിധ കേന്ദ്രങ്ങളിലായിയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക.
1,13,447 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്‌റ്റ്വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ മേയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂര്‍ത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാല്‍ ആ പരീക്ഷ ജൂണ്‍ 10ന് നടത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.