കോട്ടയം: കെ റെയില്‍ വരുമെന്ന് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ തുടങ്ങിയ സത്യാഗ്രഹ സമരത്തിന്റെ 500-ാം ദിവസം സംസ്ഥാന സമരപോരാളികളുടെ സംഗമം കോട്ടയം നഗരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും കേന്ദ്രഗവണ്മെന്റ് അനുമതി നല്കിയാലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ല.
കേരളത്തിലുണ്ടാകുന്ന സാമൂഹിക, സാമ്ബത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിച്ച് വിലയിരുത്തിയതിനുശേഷമാണ് യു.ഡി.എഫ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്ന ഒറ്റയാളെ കേരളത്തില്‍ ഉള്ളുവെന്നും വികസനത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയുടെ വാശി എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സമരസമിതി കോട്ടയം ജില്ല ചെയര്മാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ, ആന്റോ ആന്റണി എം.പി, ജെബി മേത്തര്‍ എം.പി, മോൻസ് ജോസഫ് എം.എല്‍.എ, അഡ്വ. ഫ്രാൻസീസ് ജോര്‍ജ്, അഡ്വ. ജോയി എബ്രഹാം, ജോസഫ് എം.പുതുശേരി, സജി മഞ്ഞകടമ്ബില് എന്നിവര്‍ സംസാരിച്ചു.