പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ സ്ഥാനാർഥിയായി കെ. മുരളീധരനെ നിർദേശിച്ചിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുരളിക്കായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോള്‍ പ്രചാരണത്തില്‍ മുന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്.
രാഹുലിന്‍റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്ബ് മുരളീധരനോട് കൂടി സംസാരിച്ചാണ് തീരുമാനം എടുത്തത്. ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാർട്ടിയില്‍ തനിക്കോ സതീശനോ ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. എല്ലാവരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.
ഏതെങ്കിലും ഒരു നേതാവ് മാത്രം വിചാരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഭരണത്തില്‍ എത്തിക്കാൻ സാധിക്കില്ല. എല്ലാവരുടെയും നേതൃത്വവും സംഭാവനയും പരിഗണിച്ച് കൊണ്ട് മാത്രമേ പാർട്ടി മുന്നോട്ടു പോവുകയുള്ളൂവെന്നും വേണുഗോപാല്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി. സതീശന്‍റെ പ്രവർത്തനത്തില്‍ പാർട്ടിക്ക് ഒരു പ്രശ്നവും കാണുന്നില്ല. പാർട്ടി അണികള്‍ ഇഷ്ടപ്പെടുന്ന നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.