കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരന് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ച് കെ.എസ്.ആർ.ടി.സി. സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമർശനമുയർന്നപ്പോള്‍ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി.
കെ.എസ്.ആർ.ടി.സി.യില്‍ ഇൻസ്‌പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടില്‍ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. ആദ്യ ഉത്തരവില്‍ 13-ാമത്തെ പേരുകാരനായിരുന്നു മധു. ദീർഘകാലം എരുമേലി സബ്‌സെന്ററില്‍ സേവനംചെയ്ത ഇദ്ദേഹത്തിനെ സ്റ്റേഷൻ മാസ്റ്ററായിരിക്കെ മുൻപ് പാലക്കാട് വിജിലൻസ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു.
ശബരിമല തീർഥാടനവേളയില്‍ പമ്ബയില്‍ പ്രവർത്തിക്കുകയായിരുന്നു ഡിസംബറില്‍. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ ജനുവരി ഒന്നിന് പൊതുദർശനത്തിന് വെച്ചിരുന്നു. കോർപ്പറേഷൻ സി.എം.ഡി. ഉള്‍പ്പെടെ ഉന്നതാധികാരികള്‍ക്കുവേണ്ടി റീത്ത് സമർപ്പിക്കുകയും ചെയ്തു.
സർവീസ് റോളില്‍നിന്ന് പരേതനെ നീക്കംചെയ്യാഞ്ഞതാണ് പ്രശ്നമായതെന്നാണ് സൂചന. മധുവിന്റെ സ്ഥലംമാറ്റം കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചർച്ചയായതോടെ പിഴവ് അദ്ദേഹം ജോലിചെയ്തിരുന്ന ഡിപ്പോ അധികാരികള്‍ കോർപ്പറേഷനെ അറിയിച്ചു. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി ഭേദഗതി ഉത്തരവ് അതേനമ്ബറില്‍ തന്നെ ഇറക്കി