കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ. ഈ മാസം 11 ന് ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് എസി മൊയ്തീൻ അറിയിച്ചത്. ഇഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നില്‍ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചു.
അതേസമയം, നേരത്തെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാര്‍ എന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ഒന്നാം പ്രതി സതീഷ്കുമാര്‍ രണ്ടാം പ്രതി പി പി കിരണ്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്.
ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരണ്‍ തട്ടിയെടുത്ത 24.57 കോടി രൂപയില്‍ നിന്നും 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇ ഡി റിമാൻഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ഹാജരാക്കിയ പ്രതികളെ കോടതി, വരുന്ന വെള്ളിയാഴ്ച മൂന്ന് മണി വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു