അനീഷ് ചുനക്കര
മാവേലിക്കര: കാർഷികവൃത്തിയിൽ വിജയഗാഥ തീർത്ത് ചുനക്കര പഞ്ചായത്തിനെ പച്ചപ്പണിയിക്കുകയാണ് പതിനഞ്ചാം വാർഡിലെ ശിവദാസൻ പിള്ള എന്ന കർഷകൻ. പതിറ്റാണ്ടുകളായി കൃഷിയിലൂടെ മാത്രം ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ശിവദാസൻപിള്ള പഞ്ചായത്തിലെ തന്നെ മികച്ച കർഷകനാണ്. സ്വന്തമായുള്ള ഒന്നര ഏക്കർ പുരയിടവും പാട്ടത്തിന് എടുത്ത അഞ്ചേക്കർ പുരയിടവും, അഞ്ചേക്കർ നിലവും പൂർണ്ണമായും വിവിധ കാർഷിക വിളകൾ കൃഷി ചെയ്തിരിക്കുകയാണ്.
നെല്ല്, എള്ള്, കുരുമുളക്, വെറ്റില, കിഴങ്ങ് വർഗ്ഗങ്ങൾ, വാഴ, ഡ്രാഗൺ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ തുടങ്ങിയ കാർഷിക വിളകൾക്ക് ഒപ്പം പശുവളർത്തൽ, തേനീച്ച വളർത്തൽ, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, തീറ്റപ്പുല്ല് കൃഷി, മത്സ്യകൃഷി എന്നിവയും അനുബന്ധമായി ശിവദാസൻ ചെയ്യുന്നുണ്ട്. പരമ്പരാഗത കാർഷിക രീതികൾക്കൊപ്പം നൂതന കൃഷിരീതികൾ കൂടി ശിവദാസൻ പിള്ള തന്റെ കൃഷിതോട്ടത്തിൽ ഉപയോഗിക്കുന്നുണ്ട്.
ശിവദാസൻ പിള്ളയുടെ കാർഷിക വിജയത്തിന് കുടുംബത്തിന്റെ പിന്തുണയ്ക്കൊപ്പം ചുനക്കര കൃഷിഭവനിലെ ഉദ്യോഗസ്ഥരായ ആര്യനാഥ്, അൻവർ, ഗീതകുമാരി, ഹസീന എന്നിവരും ഒപ്പം നിൽക്കുന്നുണ്ട്