കർണാടകയില്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിലും മറ്റുമായി അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് ദുരിതത്തിലായത്.
2023 ഒക്ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി (ഇന്ത്യൻ നഴ്സിങ് കൗണ്‍സില്‍) പിൻവലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ചില ഏജൻസികള്‍ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്.
ഐ.എൻ. സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികള്‍ പഠനം നിർത്തി. എന്നാല്‍, സർട്ടിഫിക്കറ്റ് തിരികെ നല്‍കണമെങ്കില്‍ കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതർ പറയുന്നത്. സർട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികള്‍.