കരിമണല്‍ കമ്ബനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് സി പിഎം നേതൃത്വം വ്യക്തമാക്കണം: കെ സുരേന്ദ്രന്‍

കരിമണല്‍ കമ്ബനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് സി പിഎം നേതൃത്വം വ്യക്തമാക്കണം: കെ സുരേന്ദ്രന്‍
alternatetext

കരിമണല്‍ കമ്ബനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുറ്റിപുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ ഖനനം നടത്തുന്ന കമ്ബനിയില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണല്‍ കമ്ബനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച്‌ നല്‍കിയത്? മുഖ്യമന്ത്രി ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നല്‍കണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കില്‍ അത് വലിയ അഴിമതിയാണ്.

വലിയ ഹരിശ്ചന്ദ്രൻ ചമയുന്ന സീതാറാം യെച്ചൂരി ഈ കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇവിടെ പ്രതിക്കൂട്ടിലാവുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.