ഐസിസി ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടി. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ശനിയാഴ്ച ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റര്‍മാര്‍ക്കും നിലയുറപ്പിക്കാന്‍ പോലും ബൗളര്‍മാര്‍ അവസരം നല്‍കിയില്ല.
സ്‌കോര്‍: ഇന്ത്യ 171-7 (20), ഇംഗ്ലണ്ട് 103-10 (16.3) നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് 23(15) അവര്‍ക്ക് നഷ്ടമായി. അക്‌സറിന്റെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കിയാണ് ബട്‌ലര്‍ മടങ്ങിയത്. പിന്നീട് ഹാരി ബ്രൂക്ക് 25(19) മാത്രമാണ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചത്. ഫിലിപ് സാള്‍ട്ട് 5(8), മൊയീന്‍ അലി 8(10), ജോണി ബെയ്‌സ്‌റ്റോ 0(3), സാം കറന്‍ 2(4), ലിയാം ലിവിംഗ്‌സ്റ്റണ്‍ 11(16) എന്നിവരില്‍ ഒരാള്‍ക്ക് പോലും ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ മറുപടിയുണ്ടായില്ല.
ക്രിസ് ജോര്‍ദാന്‍ 1(5), ആദില്‍ റഷീദ് 2(2) ജോഫ്ര ആര്‍ച്ചര്‍ 21(14) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് കൊയ്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 57(39) നേടിയ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ ആണ് മികച്ച സ്‌കോര്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 47(36) റണ്‍സ് നേടിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 23(13) റണ്‍സ് നേടി.