കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ കെജിഎംസിടിഎ.

കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ കെജിഎംസിടിഎ.
alternatetext

തിരുവനന്തപുരം: കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ കെജിഎംസിടിഎ. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്. ഭയരഹിതമായി ജോലി നിർവ്വഹിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തം ആണെന്ന് കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എ പറഞ്ഞു.

വീഴ്ചകള്‍ ഉണ്ടാകാതെ നോക്കേണ്ടതില്‍ അലംഭാവം ഉണ്ടാകുന്നു. യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച്‌ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിലും പരാജയപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. പ്രസ്തുത സംഭവത്തില്‍ യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും, ജോലിസ്ഥലത്തു സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു ദേശവ്യാപകമായി ഡോക്ടർമാരുടെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തില്‍ കെജിഎംസിടിഎയും പങ്ക് ചേരും.

തുടർപ്രക്ഷോഭ പരിപാടികള്‍ ആവശ്യമായി വരികയാണെങ്കില്‍ കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജുകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ അദ്ധ്യാപകർ, പി ജി ഡോക്ടർമാർ, ഹൌസ് സർജൻസ്, മെഡിക്കല്‍ വിദ്യാർത്ഥികള്‍ എന്നിവർ ചേർന്ന് പ്രതിഷേധ പരിപാടികള്‍ തിങ്കളാഴ്ച രാവിലെ 10.30നു സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.