തൃശൂര്‍: പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരി വയ്ക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സിലറുടെ പുനര്‍നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വി.സിയെ നിയമിച്ചത്. വി.സിക്ക് വേണ്ടി ചാന്‍സിലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സിലറായ മന്ത്രി കത്തെഴുതിയത് നിയമവിരുദ്ധമാണ്. വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെടാന്‍ പാടില്ല. കത്തെഴുതുക മാത്രമല്ല, പ്രായപരിധി കഴിഞ്ഞയാള്‍ക്ക് നിയമവിരുദ്ധമായി നിയനം നല്‍കുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയതെന്ന് വി ഡി സതീശൻ പറഞ്ഞു
നിയമവിരുദ്ധ വി.സി നിയമനത്തില്‍ അനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നു തന്നെ രാജി വച്ച് പുറത്ത് പോകണം. യു.ജി.സി മാനദണ്ഡങ്ങളും യൂണിവേഴ്‌സിറ്റി ആക്ടും ലംഘിച്ച് പ്രോ വി.സി കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശത്തില്‍ അനാവശ്യ ഇടപെടലാണ് നടത്തിയത്. ഈ വിക്കറ്റ് വീഴേണ്ട വിക്കറ്റാണ്. അനാവശ്യ ഇടപെടല്‍ നടത്തിയ മന്ത്രി ഇന്ന് തന്നെ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി സര്‍ക്കാര്‍ അധപതിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ അനാവശ്യമായി പിടിച്ചുവയ്ക്കാന്‍ പാടില്ല. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റ് ആക്കുകയും ചെയ്യുന്ന ബില്ലിന്റെ ഉള്ളടക്കത്തോട് പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു തര്‍ക്കവുമില്ല. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്ബോള്‍ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.
സമാധാനകാലത്ത് ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും മധുരപലഹാരങ്ങള്‍ കൈമാറുകയും മന്ത്രിമാര്‍ ഘോഷയാത്രയായി രാജ്ഭവനിലേക്ക് പോകുകയും ചെയ്യും. സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.