തുറവൂര്‍: വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ അരൂരില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍. ഗ്രാമീണ റോഡുകളും നടവഴികളും വെള്ളത്തിലായതോടെ കാല്‍നടപോലും അസാധ്യമായി. തോടുകളും കുളങ്ങളും നിറഞ്ഞതിനാല്‍ പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ ജനങ്ങളാണ് കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ് കുഴികളായ മിക്ക ഗ്രാമീണ റോഡുകളും വെള്ളം നിറഞ്ഞ നിലയിലാണ്. ഇതുമൂലം ഇരുചക്ര, സൈക്കിള്‍ യാത്രികര്‍ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. പഞ്ചായത്തുകള്‍ ഇടപെട്ട് പൊതുതോടുകള്‍ മിക്കതും ആഴം കൂട്ടിയിരുന്നു. എന്നാല്‍, മഴ പെയ്തു തുടങ്ങിയപ്പോള്‍ത്തന്നെ മണ്ണും എക്കലും മാലിന്യങ്ങളും നിറഞ്ഞ് തോടുകള്‍ വീണ്ടും ആഴം കുറഞ്ഞു.
മാത്രമല്ല താഴ്ന്ന പ്രദേശങ്ങളിലെയും മുറ്റങ്ങളിലെയും വെള്ളം ഒഴുകിപ്പോകുന്നുമില്ല. വേമ്ബനാട്ടുകായലില്‍ വേലിയേറ്റം ശക്തമായതിനാല്‍ തീരവാസികള്‍ ആശങ്കയിലാണ്. പടിഞ്ഞാറൻ മേഖലയിലെ പാടങ്ങളും പൊഴിച്ചാലുകളും നിറഞ്ഞു കവിഞ്ഞു. ദേശീയ പാതയില്‍ പലയിടങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഉയരപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഒറ്റവരിപ്പാതയിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. വെള്ളക്കെട്ട് കൂടിയായപ്പോള്‍ യാത്രാ ദുരിതം ഇരട്ടിയായി.