ആറാട്ടുപുഴ: കലിയടങ്ങാത്ത കടലിന് മുന്നില്‍ ദുരിതത്തിലായി തീരവാസികള്‍. കിടപ്പാടം കടല്‍ വിഴുങ്ങുമോയെന്ന ഭീതി തീരവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. കടലില്‍ പോകാൻ കഴിയാതായതോടെ മത്സ്യത്തൊഴിലാളികള്‍ ദിവസങ്ങളായി പട്ടിണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ വ്യാഴാഴ്ചയും ശക്തമായ കടലാക്രമണമുണ്ടായി.
തീരസംരക്ഷണ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കാര്‍ത്തിക ജങ്ഷന് തെക്ക് ഭാഗത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പെരുമ്ബള്ളിയിലും എം.ഇ.എസ് ജങ്ഷനിലും വലിയഴീക്കല്‍ -തോട്ടപ്പളളി തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് വടക്കുഭാഗം മുതല്‍ മംഗലം വരെയുള്ള സ്ഥലത്ത് കടലാക്രമണം നേരിട്ടു. പാനൂര്‍, പല്ലന പ്രദേശങ്ങളിലും സമാനമായ സാഹചര്യമാണ്.
അലറിയെത്തുന്ന തിരമാലകള്‍ക്ക് മുന്നില്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ തീരവാസികള്‍ക്ക് കഴിയുന്നുള്ളൂ. മണല്‍ കൂട്ടിവെച്ചും ചാക്കില്‍ മണല്‍ നിറച്ച് അടുക്കിയും കടലാക്രമണത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാവുകയാണ്. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ശക്തിയാര്‍ജിച്ച കടല്‍ കൊടിയ ദുരിതമാണ് തീരങ്ങളില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. പാനൂര്‍ ഭാഗത്ത് സുനാമി പദ്ധതിയില്‍ പെടുത്തി നിര്‍മിച്ച വീടുകള്‍ അപകട ഭീഷണി നേരിടുന്നു. പലയിടങ്ങളിലും റോഡ് മണ്ണിനടിയിലാണ്. ഇതുമൂലം ഗതാഗതം മുടങ്ങുന്നു.
അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കാര്‍ത്തിക ജംഗ്ഷന് തെക്കുഭാഗത്താണ് നാലുമണിയോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറിയില്ല. ഇതുമൂലം തീരദേശ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നിര്‍മിച്ച കടല്‍ ഭിത്തി ഇപ്പോള്‍ ദുര്‍ബലമാണ്. കടലാക്രമണ ദുരിതം പേറുന്നതിനിടയില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകാൻ കഴിയാത്ത അവസ്ഥ.
കഴിഞ്ഞ കുറെ ദിവസമായി മത്സ്യ ബന്ധനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. തെര്‍മോകോള്‍ വഞ്ചിയില്‍ കടലില്‍ പോയിക്കൊണ്ടിരുന്ന തൊഴിലാളികള്‍ ഒരാഴ്ചയായി കരയിലിരിക്കുകയാണ്. ബസ്റ്റാന്റ് മുതല്‍ മംഗലം വരെ കടലാക്രമണ ഭീഷണി കൂടുതലുള്ള 850 മീറ്റര്‍ ഭാഗത്ത് ജിയോ ബാഗ് ഉപയോഗിച്ച് തീരസംരക്ഷണത്തിന് നടപടി എടുത്തതായി ഇറിഗേഷൻ വകുപ്പ് അധികാരികള്‍ അറിയിച്ചു. അധികൃതര്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചു. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന ഉറപ്പാണ് നല്‍കിയിരിക്കുന്നത്.